തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. ഇരുവരുടെയും കരിയറിലെ വമ്പൻ സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്. കങ്കുവ എന്ന പേരിട്ടിരിക്കുന്ന സൂര്യ ചിത്രത്തിന്റെയും ഗോട്ട് എന്ന വിജയ് ചിത്രത്തിന്റെയും റിലീസുകൾ സംബന്ധിച്ച് ആരാധകർക്ക് ഏറെ ആവേശം നൽകുന്ന റിപ്പോർട്ടുകളാണ് വരുന്നത്.
നേരത്തെ തന്നെ ഗോട്ട് ഓഗസ്റ്റ് മാസത്തിലാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കങ്കുവയും ഓഗസ്റ്റിൽ തന്നെ എത്തുമെന്നാണ് പുത്തിയ റിപ്പോർട്ട്. ഇതോടെ ബോക്സോഫീസിൽ വീണ്ടും ഒരു വിജയ്-സൂര്യ ക്ലാഷ് ഉണ്ടാകുമെന്ന സൂചനകളാണ് വരുന്നത്.
13 വർഷങ്ങൾക്കിപ്പുറമാണ് വിജയ്-സൂര്യ ക്ലാഷ് റിലീസ് വീണ്ടും വരുന്നത്. 2011 ദീപാവലി റിലീസുകളായെത്തിയ വേലായുധവും ഏഴാം അറിവുമായിരുന്നു ഇതിന് മുമ്പ് ഒരേദിവസം റിലീസ് ചെയ്ത വിജയ്-സൂര്യ സിനിമകൾ.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോട്ട്. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട്'; പൃഥ്വിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി നജീബ്
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ.