'ഒരു സിനിമ കണ്ട് ഇതുപോലെ ചിരിച്ചത് എന്നാണെന്ന് ഓർമ്മയില്ല'; 'പ്രേമലു' വൈബിൽ മഹേഷ് ബാബുവും

'തെലുങ്ക് പ്രേക്ഷകരിലേക്ക് പ്രേമലു എത്തിച്ചതിന് കാർത്തികേയയ്ക്ക് നന്ദി'

മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം പ്രേമലുവിനെയും അതിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് തെലുങ്ക് താരം മഹേഷ് ബാബു. തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നും നടൻ പറഞ്ഞു. സിനിമയുടെ തെലുങ്ക് പതിപ്പ് കണ്ട ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയ സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയും അദ്ദേഹം അഭിനന്ദിച്ചു.

'തെലുങ്ക് പ്രേക്ഷകരിലേക്ക് പ്രേമലു എത്തിച്ചതിന് കാർത്തികേയയ്ക്ക് നന്ദി. ഒരു സിനിമ കണ്ടിട്ട് ഇതുപോലെ ചിരിച്ചത് എന്നാണെന്ന് ഓർമ്മയില്ല. കുടുംബത്തിന് മുഴുവൻ ചിത്രം ഇഷ്ടമായി. യങ്സ്റ്റേഴ്സിന്റെ മികച്ച അഭിനയം. മുഴുവൻ അണിയപ്രവർത്തകർക്കും അഭിനന്ദനങ്ങൾ,' മഹേഷ് ബാബു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Thank you @ssk1122 for bringing #Premalu to the Telugu audience... Thoroughly enjoyed it…. Can't remember the last time when I laughed so much while watching a film… The entire family loved it 😁 Top class acting by all the youngsters 🤗🤗🤗Congratulations to the entire team!!

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച പ്രേമലു കഴിഞ്ഞ ദിവസമാണ് 100 കോടി ക്ലബിലേക്ക് കുതിച്ച് കയറിയത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച് പ്രേമലു തെന്നിന്ത്യയിൽ ഇടം നേടുമ്പോൾ കേരളത്തിലും ഹാഫ് സെഞ്ചുറി അടിച്ചു മുന്നേറുകയാണ്.

വമ്പന്മാരില്ലാതെ മിനി കൂപ്പറിലെത്തിയ 'പ്രേമലു'; ചരിത്രം കുറിച്ച ഒരു മാസത്തെ കണക്കിങ്ങനെ

മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.

To advertise here,contact us