തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ നിന്ന് ദുൽഖർ സൽമാൻ പിന്മാറി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
മറ്റു സിനിമകളുടെ തിരക്കുകൾ മൂലമാണ് ദുൽഖർ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ദുൽഖർ സൽമാൻ മണിരത്നത്തിനൊപ്പം 'ഒകെ കൺമണി'യിൽ അഭിനയിച്ചിരുന്നു. 'ചെക്ക ചിവന്ത വാനത്തി'ലേയ്ക്കും ക്ഷണം ലഭിച്ചെങ്കിലും 'മഹാനടി'യുമായുള്ള ഷെഡ്യൂൾ തർക്കങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒപ്പം വന്ന സ്ത്രീയെ മാറ്റി നിർത്തി രജനികാന്ത്; വിമർശനം
1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.