ആപ്പുകൾ വഴി അശ്ലീല സിനിമകൾ സൃഷ്ടിച്ചെന്നും വിതരണം ചെയ്തെന്നും ആരോപിച്ച് 2021 ജൂലൈയിൽ അറസ്റ്റിലായ രാജ് കുന്ദ്ര പ്രതികരണവുമായി രംഗത്ത്. ജാമ്യം ലഭിച്ചതിന് ശേഷവും ആ മാനക്കേട് തൻ്റെ കുടുംബത്തിൽ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചും ' പോൺ രാജാവ്' എന്ന് മുദ്രകുത്തപ്പെട്ടതിനെക്കുറിച്ചുമാണ് തുറന്നുപറച്ചിൽ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രാജ് കുന്ദ്ര ഇക്കാര്യം പറഞ്ഞത്.
'ഞാൻ ഒരു സെലിബ്രിറ്റിയെ വിവാഹം കഴിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഇല്ലായിരുന്നുവെങ്കിൽ, ഇതിൻ്റെ പകുതി മാത്രമേ അനുഭവിക്കേണ്ടി വരുകയുള്ളു. എന്റെ ഭാര്യയെയും മക്കളെയും വരെ സോഷ്യൽ മീഡിയ വേട്ടയാടി. അത് തികച്ചും അന്യായമായിരുന്നു. നിരന്തരമായ ട്രോളുകളാണ് നേരിടേണ്ടി വന്നത്. ഇനി എങ്കിലും വേട്ടയാടാതിരിക്കണം. ഭാര്യ ശില്പ ഒരു വാലൻ്റൈൻസ് സന്ദേശം പോസ്റ്റ് ചെയ്യുമ്പോൾ പോലും 'പോൺ രാജാവിൻ്റെ ഭാര്യ' എന്ന് ട്രോളന്മാർ കമൻ്റ് ചെയ്യും. അവർക്ക് വസ്തുതകൾ എന്താണെന്ന് അറിയില്ല. ഞാൻ കുറ്റക്കാരനാണോ എന്ന് പ്രഖ്യാപിക്കാൻ പോലും ജുഡീഷ്യറിക്ക് അവസരം നൽകുന്നില്ല', രാജ് കുന്ദ്ര പറഞ്ഞു.
തലൈവർ ഹൈദരാബാദിലേക്ക്; 'വേട്ടയ്യൻ' ചിത്രീകരണം പുനരാരംഭിക്കുന്നു
കേസും അതിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും കുടുംബ ജീവിതത്തെ ബാധിച്ചോ എന്ന ചോദ്യത്തിന്, 'സംഭവിച്ചതെല്ലാം ഭയാനകമായിരുന്നെങ്കിലും പരസ്പര വിശ്വാസവും ധാരണയും കാരണം ഭാര്യയിൽ ആശ്വാസം കണ്ടെത്തി'യെന്ന് രാജ് പറഞ്ഞു. 'അവളെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് എത്ര വിശ്വസിക്കണമെന്ന് എനിക്കറിയാം. കേസ് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു, അത് ശരിയല്ലെന്ന് പറഞ്ഞു. എന്നാലും ഉണ്ടായ വിവാദങ്ങളിൽ ശിൽപയ്ക്ക് പ്രൊഫഷണലായി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചില കരാറുകളും ടെലിവിഷൻ ജോലികളും നഷ്ടപ്പെട്ടു' രാജ് കുന്ദ്ര പറഞ്ഞു.
വൈകിയുള്ള നീതി ന്യായ വ്യവസ്ഥയിൽ അല്പം നിരാശനാണെന്നും, ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിൽ കേസിന്റെ ഉത്തരവ് ഘട്ടത്തിലെത്തിയെന്നും കുന്ദ്ര കൂട്ടി ചേർത്തു. രണ്ടു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ച അനുഭവങ്ങളും അന്ന് എഴുതിയ കുറിപ്പുകളും അടിസ്ഥാനമാക്കി 2023 ൽ UT69 എന്ന സിനിമ ഒരുക്കുന്നതിലേക്ക് നയിച്ച കാരണങ്ങളും കുന്ദ്ര പങ്കുവെച്ചു.