ഇളയരാജയുടെ ജീവിതം പറയുന്ന സിനിമ; കാമിയോ വേഷത്തിൽ രജനികാന്തും കമൽഹാസനും

അരുൺ മാതേശ്വരൻ ബയോപിക് സംവിധാനം ചെയ്യും

സംഗീത കുലപതി ഇളയരാജയുടെ ബയോപിക് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ വർഷം തന്നെ എത്തിയിരുന്നു. ബോളിവുഡ് സംവിധായകൻ ആർ ബാൽക്കി കഴിഞ്ഞ വർഷം തൻ്റെ ഹിന്ദി ചിത്രമായ 'ഘൂമർ' പ്രൊമോഷൻ പരിപാടിക്കിടെ ഇളയരാജയുടെ ബയോപിക്കിനെ കുറിച്ച് സംസാരിച്ചിരുന്നു. തന്റെ സ്വപ്ന പദ്ധതിയാണിതെന്നും ഉടൻ തന്നെ ബയോപിക്കിന്റെ പകർപ്പവകാശം വാങ്ങുമെന്നും ചിത്രത്തിൽ ധനുഷ് അഭിനയിക്കുമെന്നുമായിരുന്നു ബൽക്കി പറഞ്ഞിരുന്നത്.

എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകളെത്തുമ്പോൾ ധനുഷിൻ്റെ ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം സംവിധാനം ചെയ്ത അരുൺ മാതേശ്വരൻ ബയോപിക് സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. രജനികാന്തും കമൽഹാസനും അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

ധനുഷിന് ഇളയരാജയോട് സാമ്യമുണ്ടെന്നും കഥയുടെ ശൈലിയും രൂപവും നന്നായി മനസ്സിലാക്കാൻ ധനുഷിന് കഴിയുമെന്നുമാണ് ഇളയരാജയുടെ ബയോപിക്കിനെ കുറിച്ച് സംവിധായകൻ ബൽക്കി ഒരിക്കൽ പറഞ്ഞത്. ലോകമറിയുന്ന സംഗീത സംവിധായകൻ്റെ അഞ്ച് പതിറ്റാണ്ട് നീണ്ട യാത്ര ചിത്രീകരിക്കുക്കുക എന്നത് തൻ്റെ സ്വപ്നമാണെന്ന് ആർ ബാൽക്കി പറഞ്ഞിരുന്നു.

To advertise here,contact us