'ചാത്തന്റെ തന്ത്രങ്ങൾ ഫലിക്കുന്നുണ്ട്', കേരളാ ബോക്സ് ഓഫീസിൽ ആഴ്ചകൾ പിന്നിടുമ്പോൾ കോടികൾ

ആദ്യ ആഴ്ചയിൽ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 17.85 കോടി രൂപയാണ് ചിത്രം നേടിയത്

ലോകമെമ്പാടും മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിലെ പകർന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. കൊടുമൺ പോറ്റി മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ബോക്സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. 12 ദിവസം കൊണ്ട് കേരളാ ബോക്സ് ഓഫീസിൽ ഭ്രമയുഗം 22.80 കോടി രൂപ സ്വന്തമാക്കി. ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ നേരത്തെ തന്നെ ചിത്രം ഇടം പിടിച്ചിരുന്നു. ആദ്യ ആഴ്ചയിൽ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് 17.85 കോടി രൂപയാണ് ചിത്രം നേടിയത്.

തമിഴ്നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്സിൽ (മലയാളം വേർഷൻ) അഞ്ചാം സ്ഥാനം ഭ്രമയുഗം നേടി കഴിഞ്ഞു. രണ്ടു കോടിക്കടുത്തതാണ് തമിഴ്നാട്ടിൽ ചിത്രം നേടിയത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് നിലവിൽ തമിഴ്നാട്ടിൽ നിന്ന് ഏറ്റവും കളക്ഷൻ നേടിയ മലയാളം സിനിമ.

'എങ്ങും മഞ്ഞുമ്മൽ ഫീവർ'; അഞ്ചാം ദിനം കഴിയുമ്പോൾ 17.90 കോടി നേടി 'മഞ്ഞുമ്മൽ ബോയ്സ്'

ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

To advertise here,contact us