'പറഞ്ഞപോലെ മലയാള സിനിമയുടെ സീൻ മാറ്റിയിട്ടുണ്ട്'; സുഷിൻ ഇല്യൂമിനാറ്റിയോ എന്ന് സോഷ്യൽ മീഡിയ

റിലീസിന് പിന്നാലെ സുഷിൻ ശ്യാം പറഞ്ഞ വാക്ക് തെറ്റിച്ചില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്

മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം പിള്ളേർ കൊടൈക്കനാലിലേക്ക് നടത്തിയ യാത്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രം ആദ്യ പ്രദര്ശനങ്ങള് കഴിയുമ്പോൾ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമ പോലെ തന്നെ സംഗീത സംവിധായകൻ സുഷിൻ ശ്യാം മുമ്പ് മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയാണ്.

മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും എന്നായിരുന്നു മുമ്പ് ഒരു അഭിമുഖത്തിൽ സുഷിൻ ശ്യാം പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് പിന്നാലെ സിനിമയുടെ മേലുള്ള ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസിന് പിന്നാലെ സുഷിൻ ശ്യാം പറഞ്ഞ വാക്ക് തെറ്റിച്ചില്ല എന്നാണ് പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത്.

'മഞ്ഞുമ്മലിലെ പിള്ളേർ സീൻ മാറ്റി, പടം സുഷിന്റെ അഴിഞ്ഞാട്ടം'; 'മഞ്ഞുമ്മൽ ബോയ്സ്' പ്രേക്ഷക പ്രതികരണം

മലയാളത്തിൽ ഇന്നുവരെ വന്നതിൽ ഏറ്റവും മികച്ച സർവൈവൽ ത്രില്ലറുകളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ് എന്നാണ് പ്രേക്ഷകാഭിപ്രായം. പലപ്പോഴും റിലീസിന് മുമ്പ് അണിയറപ്രവർത്തകർ സിനിമയെക്കുറിച്ച് പറയുന്ന വാക്കുകൾ റിലീസിന് ശേഷം സിനിമയ്ക്ക് വിനയാകാറുണ്ട്. എന്നാൽ സുഷിൻ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് പല പ്രേക്ഷകരും പറയുന്നു. സുഷിൻ ഇല്യൂമിനാറ്റിയാണോ എന്ന രസകരമായ സംശയം ഉന്നയിക്കുന്ന പ്രേക്ഷകർ പോലുമുണ്ട്.

മലയാള സിനിമയുടെ പ്രതാപകാലം ആരംഭിച്ചോ? കോടികൾ കൊയ്ത ചില ചിത്രങ്ങൾ ഇതാ...

സംവിധായകൻ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്.

To advertise here,contact us