'വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി' ലേശം വൈകും; റിലീസ് മാർച്ച് ഒന്നിന്

തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റി വെച്ചിരിക്കുന്നത്.

നാദിർഷ-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി' സിനിമയുടെ റിലീസ് നീട്ടി. ഫെബ്രുവരി 23-ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാർച്ച് ഒന്നിനാണ് പ്രദർശനത്തിനെത്തുക. തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് നീട്ടിവെച്ചിരിക്കുന്നത്.

ഫെബ്രുവരി 22 മുതലാണ് കേരളത്തിലെ തിയേറ്ററുകളില് മലയാള സിനിമകള് റിലീസ് ചെയ്യില്ലെന്ന് ഫിയോക് അറിയിച്ചത്. പ്രൊഡ്യൂസർമാരുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര് വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമ്മാതാക്കൾക്ക് മുന്നിൽ വെച്ചിരുന്നു. എന്നാൽ ഇതിനോട് നിർമ്മാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിലാണ് ഫിയോക്ക് പ്രതിഷേധമറിയിച്ചിരിക്കുന്നത്.

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

അതേസമയം, നാദിർഷ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി' ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. കലന്തൂര് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് കലന്തൂര് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ്. നായികയാകുന്നത് 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ദേവിക സഞ്ജയ് ആണ്. റാഫിയാണ് തിരക്കഥയൊരുക്കിയിരക്കുന്നത്.

സിനിമയിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി, റാഫി, ജാഫർ ഇടുക്കി, ശിവജിത്, മാളവിക മേനോൻ, കലന്തുർ നേഹ സക്സേന, അശ്വത് ലാൽ, സ്മിനു സിജോ, റിയാസ് ഖാൻ, സുധീർ കരമന, സമദ്, കലാഭവൻ റഹ്മാൻ, സാജു നവോദയ എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

To advertise here,contact us