അടുത്ത സംവിധായകന്റെ പേരുമെത്തി; 'ദളപതി 69' ഒരുക്കുന്നത് വെട്രിമാരൻ? പുതിയ റിപ്പോർട്ട്

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)' ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ

വിജയ്യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും വന്നതിന് പിന്നാലെ ദളപതി 69 സംവിധാനം ചെയ്യുന്നതാര് എന്നതിൽ ചർച്ചകൾ കടുക്കുകയാണ്. കാർത്തിക് സുബ്ബരാജ്, അറ്റ്ലി തുടങ്ങി പലരുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിൽ പറഞ്ഞു കേൾക്കുന്നുമുണ്ട്. ഇപ്പോഴിതാ ഇവരാരുമായിരിക്കില്ല, മറിച്ച് വെട്രിമാരനായിരിക്കും ചിത്രമൊരുക്കുക എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

വെട്രിമാരൻ വിജയ്യോട് ഒരു കഥ പറഞ്ഞതായി നേരത്ത തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കഥയ്ക്ക് വിജയ് സമ്മതം മൂളിയതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഡ്രാമ ഴോണറിൽ കഥ പറയുന്ന ചിത്രം ഡിവിവി എന്റർടെയ്ൻമെന്റ്സായിരിക്കും നിർമ്മിക്കുക എന്നും സൂചനകളുണ്ട്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)' ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. 2023 നവംബറിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇരട്ടവേഷത്തിൽ രണ്ട് പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുക എന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു. ക്ലീൻ ഷേവ് ലുക്കിൽ ആരാധകർക്ക് മുന്നിലെത്തിയ വിജയ്യുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

ഐശ്വര്യ രജനികാന്തിന്റെ 'ലാൽ സലാം' ട്രെയ്ലറിന് ആശംസയുമായി ധനുഷ്

വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്.

To advertise here,contact us