'എന്റെ മാതാപിതാക്കൾ പ്രണയിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്, ഏറ്റവും സന്തോഷകരമായ നിമിഷം'; മാളവിക ജയറാം

'ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് നവനീതിനോടെനിക്ക് പ്രണയം തോന്നിയത്'

വിവാഹ നിശ്ചയ വീഡിയോയിൽ ജയറാമിന്റെ മകൾ മാളവിക ജയറാമിനെയുെം പാർവതിയേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്. വിവാഹ ജീവിതത്തിലേക്കു കടക്കുന്ന തന്റെ പ്രണയത്തെ കുറിച്ച് മാളവിക സംസാരിക്കുന്നത് തന്റെ മാതാപിതാക്കളുടെ പ്രണയത്തെയും സൗഹൃദത്തെയും താരതമ്യം ചെയ്താണ്. താൻ അവരുടെ സ്നേഹവും പ്രണയവും കണ്ടാണ് വളർന്നത് എന്നും അതൊരിക്കലും വെറുമൊരു വിവാഹബന്ധം മാത്രമല്ല മറിച്ച് ഒരാൾ മറ്റൊരാളിൽ സൗഹൃദവും ഇണക്കവും കണ്ടെത്തുന്നത് കൂടിയാണെന്ന് മാളവിക വീഡിയോയിൽ പറയുന്നു.

'എന്റെ മാതാപിതാക്കൾ പ്രണയിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. അത് വെറുമൊരു വിവാഹബന്ധം മാത്രമല്ല, ഒരാൾ മറ്റൊരാളിൽ സൗഹൃദവും കണ്ടെത്തലും കൂടിയാണ്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് നവനീതിനോടെനിക്ക് പ്രണയം തോന്നിയത്. അതങ്ങനെ സംഭവിച്ചു പോവുകയായിരുന്നു', മാളവിക പറയുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. ജീവിതത്തിൽ നമ്മൾ വിശ്വാസത്തോടെ ചില കാര്യങ്ങൾ ഏറ്റെടുക്കേണ്ട സമയമെത്തും. ആ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഞാനെടുത്ത തീരുമാനമാണിത്. അതിന് ശേഷം എന്റെ ജീവിതം കൂടുതൽ മനോഹരമായ ഒരു യാത്രയായി മാറി. ഓരോ ദിവസവും ഒരു പുതിയ ചാപ്റ്ററാണ്, മാളവിക പറയുന്നു.

കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ചടങ്ങിൽ മാളവികയുടെയും നവ്നീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ആയി ജോലി ചെയ്യുന്നു. 2024 മെയ് മൂന്നിന് ഗുരുവായൂർ വച്ചാണ് വിവാഹം.

To advertise here,contact us