'മാമന്നൻ' കോമ്പോ വീണ്ടും; ഇനി 'മാരീശൻ'

റോഡ് മൂവിയാണെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്

മാമന്നന്റെ ഗംഭീര വിജയത്തിനിപ്പുറം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന വാർത്തയെ തമിഴ്-മലയാളം സിനിമാ പ്രേമികൾ ഒരുപോലെയാണ് സ്വീകരിച്ചത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് ചിത്രത്തിന് 'മാരീശൻ' എന്നാണ് പേര്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെൻ്റ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചു.

സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞു. റോഡ് മൂവിയാണ് അണിയറയിലെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന അനൗൺസ്മെന്റ് പോസ്റ്ററെങ്കിൽ റോഡ് തന്നെ പശ്ചാത്തലമാകുന്ന ടൈറ്റിൽ റിവീലിൽ ഒരു മാനിന്റെ തല കാണാം.

യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.

പരിയേറും പെരുമാൾ, കര്ണൻ എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് ഒരുക്കിയ മാമന്നൻ 2023ലെ വിജയ ചിത്രങ്ങളിൽ ഒന്നാണ്. ജാതീയതയ്ക്കെതിരെയുള്ളതായിരുന്നു സിനിമയുടെ പ്രമേയം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വടിവേലു മാമന്നനിൽ അഭിനയിച്ചത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ നടൻ തമിഴിൽ വീണ്ടും സജീവമാവുകയാണെന്നാണ് വിവരം. വടിവേലു അവതരിപ്പിച്ച മാമന്നന്റെ മകനായി ഉദയനിധി സ്റ്റാലിൻ ചിത്രത്തില് ഉണ്ടായിരുന്നു. രത്നവേലു എന്ന പ്രതിനായക കഥാപാത്രമായാണ് ഫഹദ് എത്തിയത്.

To advertise here,contact us