യുകെ ഷെഡ്യൂളിന് അവസാനം; ഖുറേഷി അബ്രഹാം ഇനി അമേരിക്കയിൽ

ലഡാക്കിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇടവേളയെടുത്ത സംഘം ഡിസംബറിലാണ് യുകെ ഷെഡ്യൂൾ ആരംഭിച്ചത്

ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് പുതിയ അപ്ഡേറ്റ് നൽകി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. 2023 ഒക്ടോബറിൽ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ യുകെയിൽ പൂർത്തിയായി.

ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം 2019ൽ മോഹൻലാലിന്റെ വീട്ടിൽ നടന്ന പ്രസ് മീറ്റിലാണ് എൽ 2വിന്റെ പ്രഖ്യാപനം ഉണ്ടായത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദര്ശനത്തിനെത്തും. ലഡാക്കിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇടവേളയെടുത്ത സംഘം ഡിസംബറിലാണ് യുകെ ഷെഡ്യൂൾ ആരംഭിച്ചത്. മൂന്നാം ഷെഡ്യൂൾ അമേരിക്കയിലാണെന്നാണ് വിവരം.

'മലൈകോട്ടൈ വാലിബൻ' സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മോഹൻലാൽ. സിനിമ റിലീസിനെത്തിയ ശേഷം അടുത്ത ആഴ്ചയിൽ സംഘം അമേരിക്കയിലേയ്ക്ക് തിരിക്കും.

#L2E End of Schedule 2! 🇬🇧 pic.twitter.com/oNga1m2vNw

മോഹൻലാൽ, സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി അബ്റാം ആകുമ്പോൾ സായിദ് മസൂദായി പൃഥ്വി വീണ്ടും എത്തും. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തെ ക്യാമറയിൽ പകർത്തുന്നത് സുജിത്ത് വാസുദേവ് ആണ്.

എമ്പുരാനിലെ സംഗീതത്തെക്കുറിച്ച് സംഗീത സംവിധായകൻ ദീപക് ദേവ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. ലൂസിഫറിന്റെ 'സ്റ്റൈലൈസ്ഡ്' വേർഷനാകും എമ്പുരാൻ. സിനിമയ്ക്കായി ഹോളിവുഡ് റെക്കോഡിങ് ചെയ്യാൻ സമ്മതം ലഭിച്ചിട്ടുണ്ടെന്നും സംഗീതത്തിൽ ഹോളിവുഡ് ശൈലി പ്രതീക്ഷിക്കാമെന്നും ദീപക് ദേവ് റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു.

ഇന്ദ്രജിത്ത് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, ബൈജു സന്തോഷ്, സായ് കുമാർ, ശിവജി ഗുരുവായൂർ തുടങ്ങിയവർ രണ്ടാം ഭാഗത്തിലുമുണ്ട്. നടൻ കാർത്തികേയ ദേവ് ഉൾപ്പെടെ നിരവധി പുതിയ മുഖങ്ങളും എമ്പുരാനിൽ ഉണ്ടാകുമെന്നാണ് വിവരം. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

To advertise here,contact us