'ടർബോ' തിയേറ്ററിൽ ആവേശമാകും, 'ആട്'വീണ്ടും വരും'; മിഥുൻ മാനുവൽ തോമസ്

'അതിൽ ആട്-3 ചെയ്യണമെന്ന് സമ്മർദം പലയിടങ്ങളിൽ നിന്നെത്തുന്നുണ്ട്'

'കാതലി'ന് ശേഷം മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് 'ടർബോ'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. തിയേറ്ററിൽ പ്രേക്ഷകർക്ക് ആഘോഷിക്കാൻ കഴിയുന്ന ചിത്രമായിരിക്കും ടർബോ എന്ന പ്രതീക്ഷകൂടി നൽകുകയാണ് ഇപ്പോൾ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ മിഥുൻ മാനുവൽ തോമസ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മിഥുൻ സിനിമയെ കുറിച്ച് സംസാരിച്ചത്.

'മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ഴോണറിലുള്ള ചിത്രമാണ് 'ടർബോ'. ആദ്യമായാണ് അത്തരമൊരു ഴോണറിൽ തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടർബോയിൽ വർക്ക് ചെയ്യാനാകുന്നു എന്നതിൽ സന്തോഷം. ഹിറ്റ് കോംബോ ആയതിനാൽ പ്രേക്ഷകർക്കിടയിലും ആ ഹൈപ്പുണ്ടാകും. അതിനാൽ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന സിനിമയായി ടർബോ മാറുമെന്നാണ് ഞങ്ങളെല്ലാവരും പ്രതീക്ഷിക്കുന്നത്', മിഥുൻ പറഞ്ഞു.

'മാത്യുവിനോട് അച്ഛൻ ചെയ്ത തെറ്റ് ഞാൻ ചെയ്യില്ലെന്ന് അമ്മ പറഞ്ഞു'; കാതലിന് നന്ദി പറഞ്ഞ് ക്വീർ വ്യക്തി

മലായളി പ്രേക്ഷകർക്കിടയിൽ വലിയ ആരധകരുള്ള 'ആട്' ഫ്രാഞ്ചൈസിയെ കുറിച്ച് മിഥുൻ പറഞ്ഞതിങ്ങനെ, 'അനൗൺസ് ചെയ്ത സിനിമകളിൽ ചെയ്യാൻ സാധ്യതയുള്ളത് 'ആറാം പാതിര'യും 'ആട്-3'യുമാണ്. അതിൽ ആട്-3 ചെയ്യണമെന്ന് സമ്മർദം പലയിടങ്ങളിൽ നിന്നെത്തുന്നുണ്ട്. എത്ര സിനിമ ചെയ്താലും എവിടെ പൊയാലും ആളുകൾ ചോദിക്കുന്നത് ആട്-3 എന്ന് വരുമെന്നാണ്. കുട്ടികളടക്കം വലിയ ആരാധക വൃന്ദമുള്ള ഫ്രാഞ്ചൈസിയാണ് ആ സിനിമ. തിരക്കഥ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചാൽ ആട് -3 ഉടൻ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.'

വൻ താരനിരയാണ് ടർബോയിൽ അണിനിരക്കുന്നത്. ടർബോയിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുകയാണ്. 'ഒണ്ടു മൊട്ടേയ കഥെ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ കന്നഡ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലടക്കം തരംഗമായ സംവിധായകനാണ് രാജ് ബി ഷെട്ടി. നടനായും താരം തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. തെലുങ്ക് നടൻ സുനിലും സിനിമയിൽ സുപ്രധാനമായ വേഷത്തിലെത്തുന്നുണ്ട്.

To advertise here,contact us