'പരദേശിക്കുള്ള അവാര്ഡുകള് ഉത്തരേന്ത്യക്കാര് തഴയുകയായിരുന്നു'; വെളിപ്പെടുത്തലുമായി സിബി മലയില്

അവാർഡ് നിർണ്ണയ സമിതിയിലെയും ഫെസ്റ്റിവല് ഡയറക്ടറേറ്റിലെയും ഉത്തരേന്ത്യക്കാരായ ആളുകളുടെ താത്പര്യം മൂലം അവാര്ഡുകളെല്ലാം തഴയപ്പെടുകയായിരുന്നുവെന്നാണ് സിബി മലയിലിന്റെ വെളിപ്പെടുത്തല്

മോഹന്ലാല് നായകനായി പി ടി കുഞ്ഞിമുഹമ്മദിന്റെ സംവിധാനത്തില് 2007 ല് പുറത്തിറങ്ങിയ പരദേശി എന്ന ചിത്രത്തിന് ലഭിക്കേണ്ടിയിരുന്ന നിരവധി അവാര്ഡുകള് ബോധപൂര്വം തഴയപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന് സിബി മലയില്. നടന് മോഹന്ലാല്, ഗായിക സുജാത, ഗാന രചയിതാവ് റഫീഖ് അഹമ്മദ്, മേക്കപ്പ്മാന് പട്ടണം റഷീദ് എന്നിവരുടെയെല്ലാം പ്രകടനങ്ങള് അവാര്ഡ് നിര്ണയ സമിതിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല് സമിതിയിലെയും ഫെസ്റ്റിവല് ഡയറക്ടറേറ്റിലെയും ഉത്തരേന്ത്യക്കാരായ ആളുകളുടെ താത്പര്യം മൂലം അവാര്ഡുകളെല്ലാം തഴയപ്പെടുകയായിരുന്നുവെന്നാണ് സിബി മലയിലിന്റെ വെളിപ്പെടുത്തല്. സംവിധായകന് പി ടി കുഞ്ഞിമുഹമ്മദിന്റെ കലാ സാംസ്കാരിക രംഗത്തെ സംഭാവനകളെ മുന്നിര്ത്തി സുഹൃത്തുക്കള് സംഘടിപ്പിച്ച 'പി ടി കലയും കാലവും' എന്ന മൂന്ന് ദിവസത്തെ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2007 ലെ ദേശീയ പുരസ്കാരത്തിനായി പരദേശി മത്സരിക്കുമ്പോള് അവാര്ഡ് നിര്ണയ സമിതിയില് ഞാനും ഛായാഗ്രാഹകന് സണ്ണി ജോസഫുമുണ്ടായിരുന്നു. അന്ന് ആ ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കൂടി ഉയര്ത്തിപ്പിടിക്കുക എന്ന നിലപാടില് നിന്നാണ് ഞങ്ങള് പരദേശി സിനിമയെയും അതിലെ വിവിധ പ്രകടനങ്ങളെയും പരിഗണിച്ചത്. അന്ന് മറ്റ് ഭാഷകളില് നിന്ന് വന്ന മിക്ക ചിത്രങ്ങളേക്കാളും എന്തുകൊണ്ടും മുന്നിലായിരുന്നു പരദേശി. എങ്കിലും ചിത്രം പരിഗണിക്കപ്പെടുന്നതിനായി വലിയ പരിശ്രമങ്ങള് നടത്തേണ്ടി വന്നു. വാഗ്വാദങ്ങളും തര്ക്കങ്ങളുമുണ്ടായി. ധാരാളം എതിര്പ്പുകള് നേരിട്ടു. ഏറ്റവും ഒടുവില് മികച്ച പിന്നണി ഗായികയായി സുജാതയും മേക്കപ്പ് ആര്ട്ടിസ്റ്റായി പട്ടണം റഷീദും തെരഞ്ഞെടുക്കപ്പെട്ടു,' സിബി മലയില് പറഞ്ഞു.

'എന്നാല് ലഞ്ച് ബ്രേക്കിന് ശേഷം, ഫെസ്റ്റിവല് ഡയറക്ടറേറ്റിന്റെ തലവനായ ഒരാള് അവിടേക്കെത്തുകയും തീരുമാനങ്ങള് മാറ്റുകയും ചെയ്തു. ഗായിക സുജാതയുടെ പേര് മാറ്റി 'ജബ് വി മെറ്റി'ലെ ഗാനത്തിന് ശ്രേയ ഘോഷാലിന് അവാര്ഡ് നല്കുകയായിരുന്നു. അവാര്ഡ് നിര്ണയ സമിതിക്ക് മുന്നില് അപേക്ഷയായി പോലും ഇല്ലാതിരുന്ന ശ്രേയ ഘോഷാലിന്റെ പാട്ടിന് അവാര്ഡ് നല്കാന് തീരുമാനിച്ചത് നിയമപരമായ മാനദണ്ഡങ്ങള് പോലും ലംഘിച്ചാണ്', സിബി മലയില് വിശദീകരിച്ചു.

മലയാള സിനിമയ്ക്ക് പ്രതീക്ഷയുടെ 2024; ആദ്യ വെള്ളിയാഴ്ച തിയേറ്ററുകളിൽ 5 ചിത്രങ്ങൾ

റഫീഖ് അഹമ്മദ് എഴുതിയ 'തട്ടം പിടിച്ചു വലിക്കല്ലേ... മൈലാഞ്ചിച്ചെടിയേ...' എന്ന വരികളുടെ ആഴവും അര്ത്ഥവും മനസ്സിലാക്കാന് ഹിന്ദിക്കാര്ക്ക് സാധിച്ചില്ലെന്നും സിബി മലയില് പറഞ്ഞു. ആ വര്ഷം പരദേശിക്ക് ലഭിച്ച ഏക അവാര്ഡ് മേക്കപ്പ് ആര്ട്ടിസ്റ്റ് പട്ടണം റഷീദിന് മാത്രമാണ്. ചലച്ചിത്ര രംഗത്ത് പിടി കുഞ്ഞിമുഹമ്മദ് എന്ന സംവിധായകന് അര്ഹിക്കുന്ന വിധം അംഗീകരിക്കപ്പെട്ടില്ല എന്നും സിബി മലയില് കൂട്ടിച്ചേര്ത്തു. ധാരാളം സിനിമകള് പി ടി ചെയ്തിരുന്നില്ലെങ്കിലും ചെയ്ത സിനിമകളെല്ലാം എണ്ണം പറഞ്ഞ സിനിമകളായിരുന്നുവെന്നും പി ടിയെ പോലുള്ള കലാകാരന്മാര് എന്നും മാറ്റിനിര്ത്തപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ജനുവരി 4,5,6 എന്നീ തിയ്യതികളിലായി തൃശ്ശൂര് സാഹിത്യ അക്കാദമിയിലാണ് 'പി ടി കലയും കാലവും' എന്ന മൂന്ന് ദിവസത്തെ പരിപാടി നടക്കുന്നത്.

To advertise here,contact us