സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന 'ടര്ബോ'യുടെ താരനിര നീളുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന സിനിമയിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തെലുങ്ക് നടൻ സുനിലും സിനിമയിൽ സുപ്രധാനമായ വേഷത്തിലെത്തുന്നുണ്ട്.
'ഒണ്ടു മൊട്ടേയ കഥെ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ കന്നഡ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലടക്കം തരംഗമായ സംവിധായകനാണ് രാജ് ബി ഷെട്ടി. നടനായും താരം തിളങ്ങിയിട്ടുണ്ട്. മാത്രമല്ല 'രുധിരം' എന്ന മലയാള സിനിമയിൽ രാജ് പ്രധാന വേഷവും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ടര്ബോ. നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖിന്റെ പദ്ധതിയിലുള്ളത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക.