ജോജു ജോര്ജ് ചിത്രത്തില് നിന്ന് ഛായാഗ്രാഹകൻ വേണുവിനെ മാറ്റി; ഭീഷണി കോളുകള് വരുന്നെന്ന് വേണു

'ഇരട്ട'യുടെ ഛായാഗ്രാഹകനായ വിജയ് ആണ് ഇപ്പോൾ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്

തൃശ്ശൂർ: നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' എന്ന സിനിമയിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ ഒഴിവാക്കി. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ജോജു തന്നെ നിർമ്മാതാവ് കൂടിയായ സിനിമയിൽ നിന്ന് വേണുവിനെ ഒഴിവാക്കിയത്. താരത്തിന്റെ മുൻചിത്രം 'ഇരട്ട'യുടെ ഛായാഗ്രാഹകനായ വിജയ് ആണ് സിനിമയുടെ ക്യാമറ തുടർന്ന് കൈകാര്യം ചെയ്യുന്നത്.

ഒരുമാസമായി സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. തുടക്കം മുതൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂർ പൊലീസ് ട്രെയ്നിങ് കോളേജിൽ നടന്ന ചിത്രീകരണത്തിനിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് വേണുവിനെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേ സമയം, ഹോട്ടലിൽ തങ്ങിയ തന്നെ ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കാണിച്ച് വേണു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉടൻ നഗരം വിട്ടുപോകണമെന്നും ഇല്ലെങ്കിൽ വിവരമറിയും എന്നുമായിരുന്നു ഭീഷണി. തൃശ്ശൂർ പൊലീസ് ഹോട്ടലിലേക്കെത്തിയ ഫോൺ കോളുകൾ എല്ലാം പരിശോധിച്ചു വരികയാണ്.

വേണുവിനും സംഘാംഗങ്ങൾക്കും മുഴുവൻ പ്രതിഫലവും നൽകിക്കഴിഞ്ഞുവെന്നാണ് സിനിമയുടെ ഭാഗത്ത് നിന്നുള്ളവരുടെ വാദം. 60 ദിവസത്തെ ചിത്രീകരണം ബാക്കി നിൽക്കെയാണ് ഛായാഗ്രാഹകനെ മാറ്റാനുള്ള തീരുമാനം. തനിക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി പ്രശ്നം സൃഷ്ടിച്ചതിനാലാണ് വേണുവിനെ മാറ്റാനുള്ള തീരുമാനമെടുത്തത് എന്നാണ് ജോജുവിന്റെ വാദം. അതേസമയം സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ച പുനരാരംഭിച്ചു.

To advertise here,contact us