'സിങ്കപ്പൂർ സലൂണി'ൽ ലോകേഷ് കനകരാജും; ആർജെ ബാലാജി ചിത്രത്തിൽ കാമിയോ അപ്പിയറൻസ്

കോമഡി എന്റർടെയ്നർ ഴോണറിലുള്ളതാണ് ചിത്രം

അഭിനേതാവാകാൻ ഒരുങ്ങി ലോകേഷ് കനകരാജ്. ആർജെ ബാലാജി നായകനാകുന്ന 'സിങ്കപ്പൂർ സലൂൺ' എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലാണ് ലോകേഷ് എത്തുക. കോമഡി എന്റർടെയ്നർ ഴോണറിലുള്ളതാണ് ചിത്രം.

സിനിമയുടെ ടൈറ്റിൽ റിവീൽ നടത്തിയതും ലോകേഷ് ആയിരുന്നു. ഒരു ഹെയർ സ്റ്റൈലിസ്റ്റ് ആണ് ബാലാജിയുടെ കഥാപാത്രം. അതേ ലുക്കിലുള്ള ബാലാജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഗോകുൽ ആണ് സംവിധായകൻ.

ചിമ്പു നായകനാകുന്ന 'കൊറോണ കുമാർ' ആണ് ഗോകുൽ ഒരുക്കുന്ന മറ്റൊരു ചിത്രം. കൊറോണ കുമാറിന്റെ കഥ താൻ നാല് തവണ ലോകേഷിനോട് പറഞ്ഞെന്നും ആദ്യമായി അതേക്കുറിച്ച് ട്വീറ്റ് ചെയ്തത് ലോകേഷ് ആയിരുന്നുവെന്നും ഗോകുൽ പറഞ്ഞു. താൻ 'കാഷ്മോര' ചെയ്യുമ്പോൾ ലോകേഷ് തന്റെ ആദ്യ ചിത്രമായ 'മാനഗരം' ഒരുക്കുകയായിരുന്നു. അന്നുമുതൽ ലോകേഷിനെ അറിയാമെന്നും ഗോകുൽ ഒടിടി പ്ലേയോട് പറഞ്ഞു.

സിങ്കപ്പൂർ സലൂണിൽ ഒരു സെലിബ്രിറ്റി തന്നെയായാണ് ലോകേഷ് അഭിനയിക്കുന്നത്. മറ്റൊരു താരവും കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്നും എന്നാലത് രഹസ്യമാക്കി സൂക്ഷിക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

To advertise here,contact us