സേനാപതിയുടെ വരവ്; 'ഇന്ത്യൻ 2' മാത്രമല്ല 'ഇന്ത്യൻ 3'യും 2024ൽ

'ഇന്ത്യൻ' അവസാനിക്കുന്നിടത്തുനിന്നാണ് ഇന്ത്യൻ 2 തുടങ്ങുന്നത്

ഉലകനായകൻ കമൽഹാസനും സംവിധായകൻ എസ് ശങ്കറും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന 'ഇന്ത്യൻ 2'ന്റെ പണിപ്പുരയിലാണ്. അക്ഷമരായ ആരാധകർക്ക് ആശ്വാസമായി സിനിമയുടെ ഇൻട്രൊ ഗ്ലീംസ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കി. പുതിയ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ മറ്റൊരു സ്പിൻ-ഓഫും 2024ൽ റിലീസിനെത്തും.

'ഇന്ത്യൻ 2' 2024 ഏപ്രിൽ 12ന് റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യൻ 3' 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം.

'ഇന്ത്യൻ' അവസാനിക്കുന്നിടത്തുനിന്നാണ് ഇന്ത്യൻ 2 തുടങ്ങുന്നത്. കാര്യങ്ങൾ വീണ്ടും മോശമായാൽ താൻ മടങ്ങിവരുമെന്ന വാഗ്ദാനം സേനാപതി പാലിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

ഇന്ത്യൻ 2-ൽ ഇന്ത്യ കൂടുതൽ അഴിമതി നിറഞ്ഞതാണ്. സമ്പന്നരായ രാഷ്ട്രീയക്കാരും സമരം ചെയ്യുന്ന സാധാരണക്കാരുമായി അശാന്തി നിറയുമ്പോൾ, ഇന്ത്യന്റെ തിരിച്ചുവരവിനായി ആളുകൾ സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാമ്പെയ്ൻ തുടങ്ങുന്നു. ഇന്ത്യൻ മടങ്ങിവരുന്നു.

ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. നിരവധിയാളുകൾ 'കം ബാക്ക് ഇന്ത്യന്' നെ' റഹ്മാൻ സംഗീതവുമായി താരതമ്യം ചെയ്യുന്നുണ്ട്.

സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

To advertise here,contact us