അമൽ നീരദ് ചിത്രത്തിൽ ജ്യോതിർമയി; നായകനായി കുഞ്ചാക്കോ ബോബൻ

സിനിമയുടെ സെറ്റിൽ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഉണ്ണി ആറുമിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്

'ഭീഷ്മ പർവ്വ'ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി കുഞ്ചാക്കോ ബോബൻ. സിനിമയുടെ സെറ്റിൽ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഉണ്ണി ആറുമിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നതും പ്രത്യേകതയാണ്.

#AmalNeerad - #KunchackBoban Movie Shoot Started Yesterday!🎬🔥DOP - Anend C Chandran👏Music - Sushin Shyam💥 pic.twitter.com/YtrQdeJez1

അമൽനീരദും കുഞ്ചക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിലുള്ളതാണെന്നാണ് വിവരം. ഷറഫുദ്ദീനും പ്രധാന താരമാണ്. സുഷിന് ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.

അമല് നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില് മമ്മൂട്ടി ആയിരിക്കും നായകനെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് 'ബിഗ് ബി'യുടെ സീക്വല് 'ബിലാല്' ആയിരിക്കുമെന്നും മമ്മൂട്ടിയുടെ പിറന്നാള് ദിനത്തില് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഇത് തള്ളിയാണ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

അതേസമയം ടിനു പാപ്പച്ചൻ ചിത്രം 'ചാവേർ' ആണ് റിലീസിനൊരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം പൊളിറ്റിക്കൽ ഡ്രാമയാണ്. അർജുൻ അശോകൻ, മനോജ് കെ യു, സജിൻ ഗോപൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 21നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

To advertise here,contact us