സൂരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും സുധ കൊങ്കാര പ്രസാദും ഒന്നിക്കുന്ന ചിത്രമാണ് 'സൂര്യ 43'. സൂര്യയ്ക്കൊപ്പം ദുൽഖർ സൽമാനും എത്തുന്നതോടെ വലിയതെന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതിയാണ് സിനിമയെക്കുറിച്ച് തമിഴകത്തുള്ളത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംവിധായിക പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
'എല്ലാവർക്കും ഇഷ്ടപ്പെടുന്നതാകും എന്റെ അടുത്ത സിനിമ. ഏറ്റവും പാഷനോടെ ഞാൻ ഒരുക്കുന്ന ചിത്രമാകും ഇത്. സൂര്യക്കും ഇതേ മനോഭാവമാണ് ഞങ്ങളുടെ സിനിമയോടുള്ളത്,' എന്നാണ് സുധ കൊങ്കാര പറഞ്ഞത്.
ദുൽഖർ സിനിമയുടെ ഭാഗമാണെന്ന് സൂചന നൽകുന്ന പോസ്റ്റ് പങ്കുവെച്ചത് നിർമാതാവ് രാജശേഖർ പാണ്ഡ്യനായിരുന്നു. ആരാധകർ തയ്യാറാക്കിയ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിൽ ദുൽഖറിന്റെ സാന്നിധ്യത്തെ കുറിച്ച് നിർമ്മാതാവ് മുമ്പ് വ്യക്തമാക്കിയത്. 'കിങ് ഓഫ് കൊത്ത' പ്രൊമോഷനിടെ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ 'ആവേശത്തിലാണ്. അണിയറപ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തട്ടെ' എന്നായിരുന്നു താരത്തിന്റെ മറുപടി.
Dulquer About #Suriya43 ! 😌🔥#DulqerSalmaan #Kanguva #KingOfKotha pic.twitter.com/9JqpRf5AgN
സംഗീത സംവിധായകൻ ജി വി പ്രകാശിന്റെ നൂറാമത്തെ ചിത്രം കൂടിയാണ് സൂര്യ 43. സിനിമയുടെ ചിത്രീകരണം 2023 ഡിസംബറിൽ ആരംഭിക്കുമെന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദേശീയ അവാർഡ് നേടിയ ‘സൂരറൈ പോട്രി'ന്റെ ഹിന്ദി റീമേക്ക് അനൗൺസ് ചെയ്തിരുന്നു. അക്ഷയ് കുമാറും രാധിക മദനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം 2024 ഫെബ്രുവരി 16 ന് റിലീസ് ചെയ്യും.
Story Highlights: Sudha Kongara about Surya 43