ഈ വർഷം തമിഴ് സിനിമയിൽ കഥ കൊണ്ടും മേക്കിങ് കൊണ്ടും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് വെട്രിമാരന്റെ 'വിടുതലൈ'. ബി ജയമോഹന്റെ 'തുണൈവൻ' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലർ സൂരി, വിജയ് സേതുപതി എന്നിവർ മത്സരിച്ചഭിനയിച്ച സിനിമ കൂടിയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് സംവിധായകൻ സിനിമയിലെ ക്ലൈമാക്സിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാർത്തകളെത്തുമ്പോൾ രണ്ടാം ഭാഗത്തിൽ മോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാറും ഭാഗമാവുകയാണ്.
Manju Warrier to pair opposite Vijay Sethupathi in #Viduthalai2. She will join the shoot from September pic.twitter.com/FWxWfvyuCW
വെട്രിമാരന്റെ തന്നെ വിജയ ചിത്രം 'അസുരനി'ൽ മഞ്ജു വാര്യർ നായിക വേഷത്തിലെത്തിയിരുന്നു. ധനുഷിനൊപ്പമുള്ള നടിയുടെ ശക്തമായ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. റിപ്പോർട്ടുകൾ ശരിയെങ്കിൽ മഞ്ജു കൂടി ഉൾപ്പെടുന്ന 'വിടുതലൈ 2'ന്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. നിരവധി ലൈനപ്പുകളുള്ളതിനാൽ രണ്ടാം ഭാഗം താൽക്കാലികമായി മാറ്റിവെയ്ക്കുമെന്നായിരുന്നു മുൻപ് വന്ന റിപ്പോർട്ടുകൾ.
വിടുതലൈയിൽ കോൺസ്റ്റബിൾ കുമരേശനായെത്തിയ സൂരിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ വാതിയാർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.