'കെന്നഡി' വിക്രമിനെ കണ്ടെഴുതിയ കഥാപാത്രം; നടന്റെ മറുപടി ഒരുപാട് വൈകിപ്പോയെന്ന് അനുരാഗ് കശ്യപ്

ഈ വർഷത്തെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മിഡ്നൈറ്റ് പ്രദർശനത്തിന് 'കെന്നഡി' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ക്രൈം ത്രില്ലർ ചിത്രം 'കെന്നഡി'യിൽ തമിഴ് നടൻ വിക്രമിനെ നായകനാക്കാനായിരുന്നു സംവിധായകൻ അനുരാഗ് കശ്യപിൻറെ ആഗ്രഹം. കെന്നഡി എന്ന് യഥാർത്ഥ പേരുള്ള വിക്രമിനെ തൻ്റെ കെന്നഡിയാക്കാൻ അനുരാഗ് കശ്യപ് ആഗ്രഹിച്ചിരുന്നു. എന്നാൽ താരത്തിൽ നിന്ന് അന്ന് യാതൊരു പ്രതികരണവും സംവിധായകന് ലഭിച്ചില്ല. ഏഴ് മാസങ്ങൾക്ക് ശേഷമാണ് വിക്രം തൻ്റെ ഓഫറിനോട് പ്രതികരിച്ചതെന്നും അപ്പോഴേക്ക് ഒരുപാട് വൈകിയിരുന്നു എന്നും പറയുകയാണ് അനുരാഗ് കശ്യപ്.

ഒരു താരമെന്ന നിലയിൽ വിക്രം ഉയർന്നുവന്ന 'സത്യ' മുതൽ തനിക്ക് അദ്ദേഹത്തെ അറിയാമെന്നും ഒരുമിച്ച് സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും അനുരാഗ് പറഞ്ഞു. 'ഞാൻ കെന്നഡിയുടെ തിരക്കഥ വിക്രമിന് അയച്ചുകൊടുത്തു. അതിൽ മറുപടി ലഭിച്ചില്ലെന്ന് സുഹൃത്തായ നടി ശോഭിത ധൂലിപാലയോട് പറഞ്ഞിരുന്നു. പൊന്നിയൻ സെൽവൻ ചിത്രീകരണത്തിനിടെ ശോഭിത ഇത് വിക്രമിനോട് പറഞ്ഞപ്പോൾ അങ്ങനെയൊന്ന് തനിക്ക് ലഭിച്ചില്ലെന്നായിരുന്നു വിക്രമിന്റെ മറുപടി.

ഞാൻ അദ്ദേഹത്തിന്റെ ഉപയോഗത്തിലില്ലാത്ത നമ്പറിലാണ് തിരക്കഥ അയച്ചതെന്ന് പിന്നീട് മനസിലായി. അദ്ദേഹത്തിനടുത്തെത്താൻ അപ്പോഴെനിക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ഈ വിവരമറിഞ്ഞ് വിക്രം എനിക്ക് മറുപടി തരുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു,' അനുരാഗ് പറഞ്ഞു.

കെന്നഡി വിക്രമിനെ മാത്രം മനസിൽ കണ്ട് എഴുതിയ തിരക്കഥയാണെന്നും ഇനി അതുപോലൊന്ന് ഉണ്ടായി വരണമെന്നുമാണ് താരത്തിനൊപ്പം ഇനി സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി. അതേസമയം ഈ വർഷത്തെ കാൻസ് ഫിലിം ഫെസ്റ്റിവെലിൽ മിഡ്നൈറ്റ് പ്രദർശനത്തിന് 'കെന്നഡി' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

To advertise here,contact us