തിരുവനന്തപുരം: മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഓട്ടും പ്രതീക്ഷിച്ചിട്ടില്ല ഈ അവാര്ഡ്. മികച്ച ചിത്രമായി തിരഞ്ഞെടുക്കാന് ഒരുപാട് ഘടകങ്ങളുണ്ടായിരിക്കാം. ആ സിനിമയുടെ ഛായാഗ്രഹണം മുതല് നടീ നടന്മാരുടെ അഭിനയം, പ്രത്യേകിച്ച് നായകനായ മമ്മൂട്ടിയുടെ അഭിനയം തുടങ്ങി എല്ലാം ചേര്ന്ന ഒരു ഘടകം തന്നെയായിരിക്കാം അവര്ഡിന് തിരഞ്ഞെടുക്കാന് കാരണമെന്നും ലിജോ ജോസ് പെല്ലിശ്ശേരി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
എല്ലാവരോടും ഒരുപോലെ നന്ദി പറയുന്നു. ജെയിംസായും സുന്ദരമായും മാറുന്നതിന് വലിയ ബുദ്ധിമുട്ടുകളൊന്നും മമ്മൂട്ടിക്കുണ്ടായിരുന്നില്ല. അനുഭവസമ്പത്തുളള നടനായതുകൊണ്ട് അദ്ദേഹത്തിന് അറിയാമായിരുന്നു എന്ത് ചെയ്യണമെന്നുളളത്. അത് സൗകര്യമായിരുന്നു. അന്തരിച്ച തമിഴ് നടന് പൂരാമുവിനെ ഞാന് പ്രത്യേകം ഓര്ക്കുന്നു, ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
തമിഴിൽ നിന്നും മലയാളത്തില് നിന്നുമുളള ഒരുപാട് നടീ നടന്മാരുണ്ട്, സിനിമയുടെ അണിയറ പ്രവർത്തകർ, നാട്ടുകാര്, എന്നിവരെയെല്ലാം ഈ അവസരത്തില് ഓര്ക്കുന്നു. ഒരു സിനിമ എന്ന് പറയുന്നത് ഒരുപാട് പേരുടെ കൂട്ടായ്മയാണ്. നമ്മുടെ സ്വപ്നം സ്ക്രീനിലെത്തിക്കാന് എല്ലാവരുടേയും കാഴ്ചപ്പാടും ചിന്തയും അതിലേക്ക് കൊണ്ടുവരുന്നു, ഇതാണ് സിനിമ നന്നാവാന് കാരണമായിട്ട് താന് കാണുന്നത്. എല്ലാവരോടും നന്ദിയുണ്ട്. അവാർഡ് ലഭിച്ചതിൽ ഞങ്ങള്ക്കെല്ലാവര്ക്കും സന്തോഷമുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിച്ചേർത്തു.