പ്രഭാസ്-പ്രശാന്ത് നീൽ ചിത്രം സലാറിൻറെ ടീസർ 100 മില്യണിലധികം പ്രേക്ഷകരെ നേടിയതില് നന്ദി അറിയിച്ച് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ഇന്ത്യൻ സിനിമയുടെ പ്രൗഢി അറിയിക്കുന്നതാകും ആഗസ്റ്റ് അവസാനത്തോടെ എത്തുന്ന ട്രെയ്ലർ എന്നും ഇപ്പോൾ തന്നെ കലണ്ടറിൽ അടയാളപ്പെടുത്താമെന്നും ഹോംബാലെ പറയുന്നു. മലയാളമുൾപ്പെടെ സലാർ റിലീസിനെത്തുന്ന അഞ്ച് ഭാഷകളിലും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിൻറെ പൂർണ്ണരൂപം
ഇന്ത്യൻ സിനിമാ വൈദഗ്ധ്യത്തിൻറെ പ്രതീകമായി സലാർ സൃഷ്ടിച്ച വിപ്ലവത്തിൻറെ അവിഭാജ്യ ഘടകമായി മാറിയതിന് ഞങ്ങൾ നിങ്ങളോടു നന്ദിയുള്ളവരാണ്. നിങ്ങളിൽ നിന്നും ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വളരെയധികം നന്ദി. സലാർ ടീസർ 100 മില്യൺ വ്യൂസ് തികച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഓരോ ആരാധകർക്കും കാഴ്ചക്കാർക്കും സലാർ ടീമിൻറെ ഭാഗത്തു നിന്ന് വലിയൊരു കൈയ്യടി! നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളുടെ ആവേശം കൂട്ടുന്നതും അസാധാരണമായ ഒരു ദൃശ്യമികവ് നിങ്ങൾക്കായി ഒരുക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതും.
ഇപ്പോൾ തന്നെ നിങ്ങളുടെ കലണ്ടറിൽ അടയാളപ്പെടുത്തി വയ്ക്കുക ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യൻ സിനിമയുടെ മാസ്മരികത്വം പ്രദർശിപ്പിക്കുന്ന, നിങ്ങൾ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഇതിഹാസമായേക്കാവുന്ന സലാറിൻറെ ട്രെയ്ലർ പുറത്തിറക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്നു. ഒരു അവിസ്മരണീയമായ കാഴ്ചക്കായി നിങ്ങൾ തയ്യാറെടുക്കുക . കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുക, പ്രൗഢഗംഭീരമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറാവുക. ഇന്ത്യൻ സിനിമയുടെ പ്രൗഢി ഉയർത്തി ചരിത്രം സൃഷ്ടിക്കാനായുള്ള ഈ യാത്രയിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.
pic.twitter.com/ZpX6xqyOEI
കെജിഎഫ് ചിത്രങ്ങളുടെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയാണ് സലാർ. 12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രുതി ഹാസനാണ് നായിക. 2023 സെപ്റ്റംബർ 28 നാണ് ആഗോള തലത്തിൽ ചിത്രം റിലീസിനെത്തുന്നത്. കേരളത്തിൽ സലാർ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.