

ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ച് മോഹൻലാൽ. നമ്പൂതിരിയോടുണ്ടായിരുന്നത് സഹോദര തുല്യമായ ബന്ധം. അഞ്ച് വര്‍ഷം കൊണ്ട് വരച്ച് തനിക്ക് സമ്മാനിച്ച വിസ്മയ ചിത്രത്തെക്കുറിച്ച് പറയുന്ന നടൻ, എല്ലാം താനൊരു നിധിപോലെ കാത്തു സൂക്ഷിക്കുന്നതായും പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഓർമ്മ പങ്കുവെച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം
"ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദര തുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽസ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തു സൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചു വർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ."
കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 97 വയസായിരുന്നു. വരയും പെയ്ന്റിങ്ങും ശില്പവിദ്യയും കലാസംവിധാനവും എന്നുവേണ്ട കൈ വച്ച മേഖലകളിലെല്ലാം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു. 'നമ്പൂതിരിച്ചിത്രം പോലെ സുന്ദരം' എന്നൊരു ശൈലി തന്നെ മലയാളത്തിലുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തോടെ ചിത്രകലയിലെ അതുല്യ പ്രതിഭയെയാണ് നഷ്ടമായത്.