ജയിലർ സിനിമയുടെ ചിത്രീകരണ വേളയിലെ തന്റെ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടി തമന്ന ഭാട്ടിയ. ആദ്യമായാണ് തമന്നയും രജനികാന്തും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. തന്നെ ആദ്യമായി കാണുന്ന രജനികാന്ത് ഒരിക്കൽ അപ്രതീക്ഷിത സമ്മാനം നൽകിയതിനെ കുറിച്ചും തമന്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'രജനി സാർ എന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ്, കാരണം ഞാൻ അദ്ദേഹത്തോടൊപ്പം ഒരു ദിവസം പ്രവർത്തിച്ചു. അദ്ദേഹം അടുത്ത ദിവസം വന്നപ്പോൾ എനിക്കൊരു പുസ്തകവും വാങ്ങിയാണ് വന്നത്. അദ്ദേഹത്തിന് എന്നെ മുൻപ് പരിചയം പോലുമുണ്ടായിരുന്നില്ല. അപ്പോഴാണ് മനസിലായത് ശരിക്കും സൂപ്പർ താരങ്ങൾ നമ്മൾ വിചാരിക്കുന്നതുപോലെയല്ല എന്ന്,' തമന്ന കൂട്ടിച്ചേർത്തു.
നെൽസൺ ദിലീപ്കുമാറാണ് ജയിലറിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥയും നെല്സണിന്റേതാണ്.സണ് പിക്ചേഴ്സിന്റെ ബാനറിലാണ് നിര്മാണം. കലാനിധി മാരനാണ് ചിത്രം നിര്മിക്കുന്നത്. രജനികാന്തും നെല്സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജയിലര്'. ചിത്രത്തിന്റെ റിലീസ് ആഗസ്റ്റ് 10നാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്പ് തന്നെ ചെന്നൈയില് വന് ഓഡിയോ ലോഞ്ച് ഉണ്ടാകും എന്നാണ് വിവരം.