ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നടൻ ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി ഇസിഎച്ഛ് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ കൈപറ്റി. നടൻ നോബിയും ഗോൾഡൻ വിസ ചടങ്ങിനെത്തിയിരുന്നു.
അറബ് പൗര പ്രമുഖരുൾപ്പെടെ നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു . നേരത്തെ മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ഇന്ത്യൻ ചലച്ചിത്രകാരന്മാർക്ക് യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഏറ്റവും പ്രശസ്തമായ ഇസിഎച്ഛ് ഡിജിറ്റൽ എന്ന സ്ഥാപനം മുഖേനയായിരുന്നു. മിമിക്രി വേദികളിലൂടെ മലയാള സിനിമയിൽ എത്തിയ ഷാജു ശ്രീധർ ടെലിവിഷൻ സീരിയലുകളിലും ഷോകൾക്ക് പുറമെ നൂറുകണക്കിന് സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.