ന്യൂഡൽഹി: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി' നാളെ മുതൽ പ്രദർശനത്തിനെത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 600 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം 38 കോടി രൂപ നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ഓപ്പണിങ്ങിൽ തന്നെ പത്ത് ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന ഈ വർഷത്തെ ആദ്യ സിനിമയും കൽക്കിയാണ്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ, പ്രഭാസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് മുംബൈയിൽ 120 മുതൽ 2,300 രൂപ വരെയാണെന്ന് സിനിമാ വിതരണക്കാരനായ അക്ഷയ് രതി പറഞ്ഞു. ശരാശരി ടിക്കറ്റ് നിരക്കിൽ 75 മുതൽ 80 രൂപ വരെയാണ് തിയറ്റർ ഉടമകൾ ഇപ്പോൾ ഈടാക്കുന്നത്.
അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരുള്ളതിനാലാണ് ടിക്കറ്റ് നിരക്ക് വർധിച്ചതെന്ന് സിനിമാ ട്രേഡ് അനലിസ്റ്റ് ഗിരീഷ് വാങ്കഡെ പറഞ്ഞു. സിനിമാപ്രേമികളും ആരാധകവൃന്ദവും ടിക്കറ്റ് വിലയിൽ ആശ്ചര്യവും നിരാശയും പ്രകടിപ്പിച്ചിട്ടുണ്ട്. മുംബൈയിലെ മൾട്ടിപ്ലക്സുകളിൽ ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകൾ വിറ്റുതീർന്നതായും റിപ്പോർട്ടുണ്ട്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവിട്ട റിലീസ് ട്രെയിലർ പ്രേക്ഷക പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ പുറത്തുവിട്ട ട്രെയിലറിന് മില്യൺ വ്യൂസാണ് ലഭിച്ചത്. ചിത്രം നാളെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.