നവാഗതനായ ഫർഹാൻ പി ഫൈസൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ തയാറെടുത്ത് ആസിഫ് അലി. റിയൽ ലൈഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, പടയോട്ടം എന്ന ബിജു മേനോൻ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനു ശേഷം ഈ വർഷം നവംബർ അവസാനത്തോടെ ചിത്രീകരണം തുടങ്ങും. ഡാർക്ക് ഹ്യുമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
പേരുൾപ്പെടെയുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പീസ് എന്ന ജോജു ജോർജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്. നിലവിൽ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. അഡിയോസ് ആമീഗോസ് എന്ന ചിത്രമാണ് ആസിഫിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.