തലൈവര്ക്ക് തിരഞ്ഞെടുക്കാന് രണ്ട് ആഡംബര കാറുകള് വീട്ടുമുറ്റത്ത്; അവസാനം ആ ഒന്നിനെ കണ്ടെത്തി

ആകെ 210 കോടി രൂപയാണ് താരം ജയിലറിനായി ഇപ്പോള് കൈപ്പറ്റിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.

നെല്സണ് ദിലീപ്കുമാറിനൊപ്പം ഇന്ത്യന് ബോക്സ് ഓഫീസിലും ആഗോളതലത്തിലും പാറിപ്പറക്കുകയാണ് രജനികാന്തും ജയിലറും. ചിത്രം 600 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുമ്പോള് താരത്തിന് അത്യാഡംബര കാര് സമ്മാനിച്ചിരിക്കുകയാണ് നിര്മ്മാതാവ്. സണ് ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരനാണ് താരത്തിന് ബിഎംഡബ്ല്യൂ എക്സ് 7 സമ്മാനമായി നല്കിയത്.

1.24 കോടിയാണ് കാറിന്റെ മാര്ക്കറ്റ് വാല്യു. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് കലാനിധി മാരന് താരത്തിന് കാര് സമ്മാനിക്കുന്ന വീഡിയോ പങ്കുവെച്ചത്. രണ്ട് കാറുകളാണ് നടന്റെ വീട്ടുമുറ്റത്തെത്തിയത്. ബിഎംഡബ്ല്യൂ എക്സ്7ഉം ബിഎംഡബ്ല്യൂ ഐ7 ഉം(1.95 കോടി രൂപ). ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന് വേണ്ടിയായിരുന്നു ഇത്. താരം രണ്ട് കാറുകളും നോക്കി പരിശോധിക്കുന്നതും വീഡിയോയില് കാണാം. മാത്രമല്ല, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'തലൈവര് 171'ന് ശേഷം സണ് പിക്ചേഴ്സിനൊപ്പം മറ്റൊരു സിനിമ ചെയ്യാന് കലാനിധി രജനികാന്തിനോട് അഭ്യര്ത്ഥിച്ചതായും മനോബാല പോസ്റ്റില് കുറിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന നടനായിരിക്കുകയാണ് രജനികാന്ത്. കലാനിധി മാരന് സൂപ്പര്സ്റ്റാര് രജനികാന്തിന് കൈമാറിയ കവറില് ചെന്നൈയിലെ മന്ദവേലി ശാഖയിലെ സിറ്റി യൂണിയന് ബാങ്കില് നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്ക് അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇത് ജയിലറിന്റെ ലാഭം പങ്കിടുന്ന ചെക്കാണെന്നും സിനിമയ്ക്ക് വേണ്ടി സൂപ്പര്സ്റ്റാര് ഇതിനകം നല്കിയ പ്രതിഫലത്തേക്കാള് (110 കോടി) മുകളിലാണെന്നുമാണ് റിപ്പോര്ട്ട്. ആകെ 210 കോടി രൂപയാണ് താരം ജയിലറിനായി ഇപ്പോള് കൈപ്പറ്റിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.

To advertise here,contact us