ന്യൂഡൽഹി: ഗേറ്റ് 2024 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 3,4,10,11 തീയതികളിലായാവും പരീക്ഷകൾ നടക്കുന്നത്. മാർച്ച് 16-ന് ഫലം പ്രഖ്യാപിക്കും. 3 വർഷമാണ് സ്കോർ കാലാവധി. പ്രമുഖ പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലിക്കും ഗേറ്റ് സ്കോർ പരിഗണിക്കാറുണ്ട്. ഓഗസ്റ്റ് 24 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങും. സെപ്റ്റംബർ 29 വരെ ലേറ്റ് ഫീ കൂടാതെയും ഒക്ടോബർ 13 വരെ ലേറ്റ് ഫീയോടെയും അപേക്ഷിക്കാമെന്ന് പരീക്ഷച്ചുമതലയുള്ള ഐഐഎസ്സി ബംഗളൂരു അറിയിച്ചു.
നവംബർ 7 മുതൽ 11 വരെ അപേക്ഷയിൽ വേണ്ട തിരുത്തലുകൾ വരുത്താം. അഡ്മിറ്റ് കാർഡ് ജനുവരി മൂന്നിന് ഡൗൺലോഡ് ചെയ്യാം. പുതുതായി ഉൾപ്പെടുത്തിയ ‘ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ ഉൾപ്പെടെ 30 പേപ്പറുകളിലാണ് പരീക്ഷ നടത്തുന്നത്. എൻജിനീയറിങ് വിഷയങ്ങൾക്ക് പുറമേ കെമിസ്ട്രി, ഫിസിക്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ് എന്നിവയുമുണ്ട്. ഒരാൾക്ക് പരമാവധി 2 പേപ്പറുകൾ എഴുതാം.
ഒന്നാം ചോയ്സ് ആയി തിരഞ്ഞെടുക്കുന്ന പേപ്പർ അനുസരിച്ച് രണ്ടാം ചോയ്സായി എഴുതാവുന്ന പേപ്പറുകളുടെ പട്ടിക സൈറ്റിലുണ്ട്. എസ്സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് 900 രൂപയും മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും 1,800 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്കായി gate2024.iisc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.