പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ്; നാളെ മുതൽ അപേക്ഷിച്ചു തുടങ്ങാം

ജൂലൈ 12 വരെയാണ് അപേക്ഷ നൽകാൻ കഴിയുക

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് നാളെ മുതൽ അപേക്ഷിച്ചു തുടങ്ങാം. ഇത് വരെ അലോട്ട്മെൻ്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ അവസരം ഉണ്ടാകും. നാളെ രാവിലെ 9 മണി മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ജൂലൈ 12 വരെയാണ് അപേക്ഷ നൽകാൻ കഴിയുക.

പ്ലസ് വൺ പ്രവേശനത്തിനുള്ള ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. നേരത്തെ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെൻ്റ് ലഭിച്ച് ഹാജരാകാത്തവർക്കോ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാവാത്തവർക്ക് വേണ്ട തിരുത്തലുകൾ വരുത്തി അപേക്ഷ പുതുക്കാം.

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ തുടങ്ങി. മൂന്നേകാൽ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ ഇപ്പോഴും സീറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്നുണ്ട്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ പോലും പുറത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് നടക്കാനിരിക്കുന്നത്.

To advertise here,contact us