മുന് ഭാര്യയെയും ഭര്ത്താവിനെയും കുടുക്കാന് എംഡിഎംഎ പ്രയോഗം; പൊളിച്ചുകൊടുത്ത് പൊലീസ്

പ്രതിയെ കണ്ടെത്താനും ഗൂഢാലോചനയില് മറ്റു പങ്കാളികളുണ്ടോ എന്നറിയാനും പൊലീസ് ശ്രമം തുടങ്ങി

ബത്തേരി: മുന് ഭാര്യയെയും ഭര്ത്താവിനെയും കേസില് കുടുക്കാനായി കാറില് എംഡിഎംഎ ഒളിപ്പിച്ചു വെച്ച യുവാവിന്റെ ശ്രമം പൊളിച്ച് പൊലീസ്. ചീരാല് സ്വദേശിയായ മുഹമ്മദ് ബാദുഷയാണ് (26) മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. ചീരാല് കുടുക്കി സ്വദേശി പുത്തന്പുരക്കല് പി എം മോന്സി (30) എന്നയാളെ 10,000 രൂപ കൊടുത്ത് ബാദുഷ കൃത്യം ചെയ്യിപ്പിക്കുകയായിരുന്നു. മോന്സിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബാദുഷ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനും ഗൂഢാലോചനയില് മറ്റു പങ്കാളികളുണ്ടോ എന്നറിയാനും പൊലീസ് ശ്രമം തുടങ്ങി.

ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. വില്പ്പനയ്ക്കായി ഒഎല്എക്സ് സൈറ്റിലിട്ട കാര് ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില് വാങ്ങി സീറ്റിന്റെ റൂഫില് എംഡിഎംഎ ഒളിപ്പിച്ചുവെച്ചതിനു പൊലീസിന് വിവരം നല്കുകയായിരുന്നു. പുല്പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില് എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടു കൂടിയായിരുന്നു ബത്തേരി സ്റ്റേഷനില് ലഭിച്ചത്. ദമ്പതികള് സഞ്ചരിച്ച കാറില്നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തുവെങ്കിലും തുടര്ന്നുള്ള ചോദ്യം ചെയ്യലില് ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെടുകയായിരുന്നു.

To advertise here,contact us