മിഷൻ ബേലൂർ മഗ്ന; തിരുനെല്ലിയിലും മാനന്തവാടിയിലും സ്കൂളുകൾക്ക് നാളെ അവധി

കുറുക്കൻമൂല , കാടക്കൊല്ലി, തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകൾക്കാണ് അവധി.

മാനന്തവാടി: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12 ) ജില്ലാ കളക്ടർ രേണു രാജ് അവധി പ്രഖ്യാപിച്ചു.

കാട്ടാന ബേലൂർ മഗ്നയെ ഇനിയും പിടികൂടാൻ ദൗത്യസംഘത്തിനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി എന്ന നിലയ്ക്കുള്ള തീരുമാനം. വയനാട് പടമലയില് ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര് മഗ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം നാളെയും തുടരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇന്ന് ആനയെ മയക്കു വെടി വയ്ക്കാൻ സാധിച്ചില്ല. മൂടൽ മഞ്ഞു തടസമായതിനെത്തുടർന്ന് ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു എന്നും സിസിഎഫും ഡിഎഫ്ഒയും മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,contact us