വഴിപാടുപണം വാങ്ങാൻ സ്വന്തം ഗൂഗിൾപേ, തട്ടിപ്പ്; ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ

കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെതിരെയാണ് നടപടി.

തൃശ്ശൂർ: വഴിപാടുപണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ നമ്പർ ഉപയോഗിച്ച ദേവസ്വംബോർഡ് ജീവനക്കാരനെ സസ്പെന്റ് ചെയ്തു. കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി സന്തോഷിനെതിരെയാണ് നടപടി.

കുളശ്ശേരി ക്ഷേത്രത്തിലെ ബോർഡിൽ സ്വന്തം ഫോൺനമ്പർ എഴുതി പ്രദർശിപ്പിച്ച് സന്തോഷ് തട്ടിപ്പു നടത്തിയെന്നാണ് കണ്ടെത്തൽ. ഈ ഫോൺ നമ്പർ വഴി വഴിപാടുപണം സ്വീകരിച്ചെന്ന് ദേവസ്വം ബോർഡിന്റെ വിജിലൻസ് സംഘം കണ്ടെത്തി. ഇത്തരത്തിൽ സ്വീകരിക്കുന്ന പണം ദേവസ്വം ബോർഡിലേക്ക് അടയ്ക്കാറില്ലായിരുന്നു. ഇങ്ങനെ ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. വകുപ്പുതല നടപടിയുണ്ടായെങ്കിലും സന്തോഷിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചില്ലെന്നാണ് വിവരം.

ഗൂഗിൾപേയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കൂടുതൽ അന്വേഷണത്തിന് ദേവസ്വം ബോർഡ് വിജിലൻസിന് പരിമിതിയുണ്ട്. ബാങ്ക് രേഖകൾ പരിശോധിക്കാൻ ഇവർക്ക് സാധിക്കില്ല. അതിനാൽ കൂടുതൽ അന്വേഷണത്തിന് ലോക്കൽ പൊലീസിനെ സമീപിക്കണമെന്ന് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

2023 ഒക്ടോബർ മാസത്തിലാണ് സന്തോഷിനെതിരെ പരാതി ലഭിക്കുന്നത്. 2024 ഫെബ്രുവരിയിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മെയ് എട്ടിന് ഈ റിപ്പോർട്ടിന്മേൽ സന്തോഷിനെതിരെ നടപടിയെടുത്തു. പരാതി ലഭിക്കുന്നതിന് മുമ്പേ തന്നെ സന്തോഷിനെ ക്ഷേത്ര ദേവസ്വം ഓഫീസർ സ്ഥാനത്തുനിന്ന് ഊരകം ദേവസ്വം ഓഫീസർ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

To advertise here,contact us