വീടിന് മുകളിലേക്ക് ചാഞ്ഞ മരം മുറിച്ചുമാറ്റും;റിപ്പോര്ട്ടര് വാര്ത്തയിലൂടെ സുലോചനാമ്മയ്ക്ക് ആശ്വാസം

മരം മുറിച്ചുമാറ്റണമെന്ന സുലോചനാമ്മയുടെ പരാതി പഞ്ചായത്ത് അധികൃതര് അവഗണിച്ചതോടെയാണ് വാര്ത്ത റിപ്പോര്ട്ടര് ഏറ്റെടുത്തത്

തിരുവനന്തപുരം: വിളവൂര്ക്കലിലെ വയോധിക സുലോചനാമ്മയുടെ വീടിന് മുകളിലേക്ക് ചാഞ്ഞ മരം ഉടന് മുറിച്ചുമാറ്റും. സുലോചനാമ്മ പഞ്ചായത്തില് നല്കിയ പരാതി റിപ്പോര്ട്ടര് ഏറ്റെടുത്തതിന് പിന്നാലെയാണ് മരം മുറിക്കാന് തീരുമാനമായത്. രണ്ട് ദിവസത്തിനകം മരം മുറിച്ചു നല്കുമെന്നാണ് ഉടമ എഡ്വിന് സാം പഞ്ചായത്ത് അധികൃതര്ക്ക് നല്കിയ ഉറപ്പ്.

മരം മുറിച്ചുമാറ്റണമെന്ന സുലോചനാമ്മയുടെ പരാതി പഞ്ചായത്ത് അധികൃതര് അവഗണിച്ചതോടെയാണ് വാര്ത്ത റിപ്പോര്ട്ടര് ഏറ്റെടുത്തത്. മരംമുറി വൈകുന്നത് ചര്ച്ചയായതോടെ പഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി ഇടപെട്ടു. ഇതോടെ ആറ് മാസം മുമ്പ് നല്കിയ പരാതിയില് മണിക്കൂറുകള്ക്കകം തീരുമാനമായി. ഈ പരാതിയില് പരിഹാരം തേടി സുലോചനാമ്മ പലവട്ടം പഞ്ചായത്ത് ഓഫീസിന്റെ പടികള് കയറിയിറങ്ങി. കിടപ്പുരോഗിയായ ഭര്ത്താവ് നെല്സനെ വീട്ടില് തനിച്ചാക്കിയാണ് ഓരോവട്ടവും ഈ വയോധിക പഞ്ചായത്ത് ഓഫീസിലെത്തിയത്.

ഇന്നലെ റിപ്പോര്ട്ടര് സംഘമാണ് സുലോചനാമ്മയുടെ ദുരിതം പുറത്തെത്തിച്ചത്. കുഞ്ഞുകൂരയില് ടാര്പോളിന് ഷീറ്റിന്റെ തണലിലാണ് സുലോചനാമ്മയുടെ ജീവിതം. ലൈഫ് പദ്ധതിയില് ലഭിച്ച വീടിന്റെ നിര്മാണം പാതിവഴിയിലാണ്. ഈ ദുരിത ജീവിതത്തിനിടയിലാണ് ആശങ്കയുടെ കാര്മേഘമായി വീട്ടിന് മുകളിലേക്ക് മരം പന്തലിച്ചത്. ഒരു നേരത്തെ അന്നത്തിന് പ്രയാസപ്പെടുന്ന സുലോചനാമ്മയെ രാവും പകലുമില്ലാതെ അലട്ടിയ പ്രശ്നമായിരുന്നു ഇത്. മരം വീട്ടിന് മുകളിലേക്ക് എപ്പോള് വേണമെങ്കിലും പതിക്കാമെന്ന അവസ്ഥയിലായിരുന്നു. ഈ ആശങ്കയ്ക്കാണ് ഇപ്പോള് പരിഹാരമായത്.

To advertise here,contact us