ക്ഷേത്ര ദർശനത്തിന് വന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു; നാടോടി സ്ത്രീ അറസ്റ്റില്

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്

തിരുവല്ലം: ക്ഷേത്ര ദർശനത്തിന് വന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ നാടോടി സ്ത്രീ അറസ്റ്റില്. തമിഴ്നാട് സ്വദേശിനിയും പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപവും കൊല്ലം പള്ളിമുക്ക് കോളേജിന് സമീപമുള്ള ഗ്രൗണ്ടിലെ ടെന്റിലുമായി മാറി മാറി താമസിച്ച് വരികയുമായിരുന്ന ലക്ഷ്മി എന്ന് വിളിക്കുന്ന ബോച്ചമ്മ (55)യെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ 8-ാം തിയതി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ രാവിലെ ദർശനത്തിനെത്തിയ ഉള്ളൂർ ഇടവക്കോട് ചേന്തി അർച്ചന നഗറിൽ ഇലവുങ്കൽ ശ്യാം നിവാസിൽ ശ്യാമളയുടെ സ്വർണ്ണമാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. തുടർന്ന് ശ്യാമളയുടെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പാളയം ഭാഗത്തുനിന്നും തിരുവല്ലം എസ്എച്ച്ഒ ഫയസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തിരക്കുള്ള ബസുകൾ, അമ്പലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതി മോഷണ മുതലുകൾ തമിഴ്നാട്ടിൽ എത്തിച്ച് വില്പന നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തൊണ്ടി മുതൽ ഉൾപ്പെടെയുള്ളവ കണ്ടെത്താനുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

To advertise here,contact us