പാലക്കാട്: നെല്ലു സംഭരിച്ച് 9 മാസം പിന്നിട്ടിട്ടും, ഭാര്യയുടെ പേരിൽ വായ്പയുണ്ടെന്നു ചൂണ്ടിക്കാട്ടി പിആർഎസ് തുക ബാങ്ക് തടഞ്ഞുവെച്ചതില് പ്രതിഷേധവുമായി കര്ഷകന്. കഞ്ചിക്കോട്ടെ ബാങ്കിനു മുന്നിൽ സത്യഗ്രഹമിരിക്കാന് ഒരുങ്ങുകയാണ് നെല്ല് കര്ഷകന് ശശി. 50,000 രൂപയാണ് ശശിക്ക് സംഭരണയിനത്തിൽ ലഭിക്കാനുള്ളത്. എന്നാൽ, പ്രത്യേക സോഫ്റ്റ്വെയർ ആയതിനാലാണ് പി ആർ എസ് തുക നൽകാൻ കഴിയാത്തതെന്നും, വിഷയം സപ്ലൈകോയെ അറിയിച്ചു എന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്.
സംസ്ഥാനത്തെ വില വർധന; തെലങ്കാനയിൽ നിന്ന് അരി എത്തിക്കാൻ സർക്കാർ, മുളകും എത്തിക്കും
2023 ഏപ്രിൽ മൂന്നിനായിരുന്നു പാലക്കാട് ചുള്ളിമട സ്വദേശി ശശിയുടെ ഒരേക്കർ പാടത്തെ നെല്ല് സപ്ലൈകോ അളന്നെടുത്തത്. സംഭരണതുക പിആർഎസ് വായ്പയായി നൽകാമെന്നായിരുന്നു ബാങ്കിൻ്റെ കരാർ. ഒമ്പത് മാസമായിട്ടും ശശിക്ക് ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. പിആർഎസ് വായ്പ അനുവദിച്ച എസ്ബിഐ ബാങ്കിൻ്റെ വാളയാർ ശാഖയിൽ, ശശിയുടെ ഭാര്യയ്ക്ക് വായ്പയുണ്ടെന്നും, അതിലെ കുടിശ്ശിക അടച്ചു തീർക്കാതെ പി ആർ എസ് തുക നൽകില്ലെന്നാണ് ബാങ്ക് അധികൃതരുടെ വാദം.
ശശിയുടെ ഇതേ ബാങ്ക് അക്കൗണ്ടിൽ നിന്നു മുൻപും ഭാര്യയുടെ വായ്പാ കുടിശ്ശിക ബാങ്ക് പിടിച്ചിരുന്നു. അന്നത്തെ ബാങ്ക് മാനേജർ സ്ഥലം മാറി പോയതോടെ വായ്പ തിരിച്ചടവ് അവതാളത്തിലായി. എന്നാൽ ഈ വിഷയം സപ്ലൈകോയിൽ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടാവുന്നില്ലെന്നും ശശി പറഞ്ഞു.
'68,000 കോടിയുടെയും 11,000 കോടിയുടെയും പദ്ധതികൾ'; നരേന്ദ്ര മോദി ഇന്ന് ഒഡീഷയും അസമും സന്ദര്ശിക്കും
നൂറുമേനി വിളവ് നൽകിയിരുന്ന ഒരു ഏക്കർ കൃഷിയിടം പോലും ശശി തരിശിട്ടിരിക്കുകയാണ്. തൊഴിലാളികൾക്ക് കൊടുക്കാനുള്ള കുടിശ്ശിക തുക പോലും കൊടുക്കാനില്ലാത്ത സാഹചര്യത്തിലാണ് ഇത്. തൻ്റെ ദുരവസ്ഥ തീർക്കാൻ ഒരു ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ സംഭരണ തുക തടഞ്ഞ് വെച്ചിരിക്കുന്ന ബാങ്കിനു മുന്നിൽ സത്യഗ്രഹമിരിക്കാനാണ് ശശിയുടെ തീരുമാനം.