കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് മർദനം. കോഴിക്കോട് ഓമശ്ശേരി നടമ്മൽ പൊയിലിലാണ് യുവതിയെ യുവാവ് മർദിച്ചത്. പ്രതി മിർഷാദ് ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും കൊടുവള്ളി പൊലീസ് വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച മിർഷാദിനെ താക്കീത് ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. നടമ്മൽ പൊയിലിലെ വീടിൻ്റെ പരിസരത്ത് കാത്തുനിന്ന പ്രതി വീണ്ടും അശ്ലീല ആംഗ്യം കാണിച്ചു. ചോദ്യം ചെയ്തതോടെ മൂർച്ചയുള്ള ആയുധം കൊണ്ട് കണ്ണിനു താഴെ പരിക്കേൽപ്പിച്ചു. പിടിച്ച് തള്ളിയതോടെ വീഴ്ചയിൽ തലയുടെ പുറകിൽ പരിക്കേറ്റതായും ആക്രമണത്തിനിടെ കഴുത്തിലണിത്ത ആഭരണം നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നുണ്ട്.
പൊലിസിൽ പരാതിപ്പെടരുതെന്ന് കാണിച്ച് പ്രതിയുടെ പിതാവ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത കൊടുവള്ളി പൊലിസ് മിർഷാദിനെതിരെ ഐപിസി 341, 354 തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.