അതിർത്തിത്തർക്കം, അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കൈക്ക് വെട്ടേറ്റ മൈതീൻകുഞ്ഞിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനീഫയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

അടിമാലി: അതിർത്തിത്തർക്കം ഉണ്ടായതിനെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. അടിമാലിയിലാണ് സംഭവം. ശെല്യാംപാറ കാലാപ്പറമ്പിൽ മൈതീൻകുഞ്ഞിനാണ് (46) വെട്ടേറ്റത്. സിപിഐഎം ശെല്യാംപാറ ബ്രാഞ്ച് സെക്രട്ടറി കുഴുപ്പിള്ളിൽ ഹനീഫയാണ് തന്നെ വെട്ടിയതെന്നാണ് മൈതീൻകുഞ്ഞ് പൊലീസിൽ മൊഴി നൽകിയത്.

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. അയൽവാസികളായ മൈതീൻകുഞ്ഞും ഹനീഫയും തമ്മിൽ പറമ്പിന്റെ പേരിൽ അതിർത്തിത്തർക്കം വർഷങ്ങളായി നിലവിലുണ്ട്. തന്റെ അച്ഛൻ ശനിയാഴ്ച രാവിലെ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെ ഹനീഫയെത്തി അദ്ദേഹത്തെ വഴക്ക് പറഞ്ഞതായാണ് മൈതീൻ പറയുന്നത്. ഇതേച്ചൊല്ലി മൈതീൻകുഞ്ഞും ഹനീഫയുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ഹനീഫ വാക്കത്തിയെടുത്ത് മൈതീൻകുഞ്ഞിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൈക്ക് വെട്ടേറ്റ മൈതീൻകുഞ്ഞിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹനീഫയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തൂവൽ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

To advertise here,contact us