ഇടുക്കിയിൽ വീടുകൾക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽ

കൊച്ചുമലയില് അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകൾക്കാണ് തീയിട്ടത്

ഇടുക്കി: പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ട കേസിലെ പ്രതി പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമേട്ടിൽ വെച്ചാണ് പ്രതി നിരപ്പേൽ സന്തോഷ് പിടിയിലായത്. ഭാര്യമാതാവിനെയും ചെറു മകളെയും പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലെ പ്രതി കൂടിയാണ് സന്തോഷ്. ഈ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന സന്തോഷ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പൈനാവ് അമ്പത്തിയാറ് കോളനിയില് സ്ഥിതി ചെയ്യുന്ന രണ്ട് വീടുകള്ക്ക് തീയിട്ടത്.

കൊച്ചു മലയില് അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകൾക്കാണ് തീയിട്ടത്. തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനേയും പൊലീസിനേയും വിവരം അറിയിച്ചത്. ഉടന് തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. പെട്രോളില് മുക്കിയ പന്തം വീടിനുള്ളിലേക്ക് എറിഞ്ഞാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തീയിട്ട സമയം വീടുകളില് ആരും ഇല്ലാതിരുന്നതിനാലാണ് വന് ദുരന്തം ഒഴിവായത്. അന്നക്കുട്ടിയുടെ വീട് പൂർണമായും, ജിൻസിൻ്റെ വീട് ഭാഗികമായും കത്തി നശിച്ചു. ജിന്സിന്റേത് വാടക വീടായിരുന്നു.

വീടിന് തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. ആക്രമണത്തില് പരിക്കേറ്റ അന്നക്കുട്ടിയും പേരക്കുട്ടിയും ആശുപത്രിയില് ചികിത്സയിലാണ്.

സെക്കന്റുകള് നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്; സിസിടിവി ദൃശ്യങ്ങള് പുറത്ത്

കൃത്യം നടത്തിയതിന് ശേഷം ഇവിടെ നിന്നും രക്ഷപ്പെട്ട് ബോഡിമേട്ട്ചെക്ക് പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കുവാൻ ആയിരുന്നു സന്തോഷിൻ്റെ നീക്കം. ഇന്നലെ രാത്രിയിൽ തന്നെ കുമളി, കമ്പംമെട്ട്, ബോർഡിമേട്ട് ചെക്ക് പോസ്റ്റുകളിൽ രഹസാന്വേഷണ വിഭാഗവും പൊലീസിൻറെ സ്പെഷ്യൽ സ്ക്വാഡും നിലയുറപ്പിച്ചിരുന്നു. പുലർച്ചെയോടുകൂടി ബോഡിമേട്ട് ചെക്ക് പോസ്റ്റിന് സമീപത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

To advertise here,contact us