കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഡ്രൈവർക്ക് ക്രൂര മർദ്ദനം. എറണാകുളം എടത്തല സ്വദേശി മൻസൂറിനാണ് ക്രൂര മർദ്ദനമേറ്റത്. ജൂൺ അഞ്ചിനായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള തെളിവുകൾ ഹാജരാക്കി പരാതിയായി നൽകിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്നാണ് ആരോപണം. എന്നാൽ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
പൂക്കാട്ടുപടി - മട്ടാഞ്ചേരി റൂട്ടിലാണ് മൻസൂർ ബസ് ഓടിക്കുന്നത്. ആലുവ-തൊപ്പുംപടി റൂട്ടിലെ ആൻസായ് ബസിന്റെ ഓണർ ഹാൻസന്റെ നേതൃത്വത്തിലുള്ള 14 പേർ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചെന്നാണ് മൻസൂറിന്റെ പരാതി. ജൂൺ അഞ്ചിന് രാത്രി പത്തരക്ക് പൂക്കാട്ടുപടി ജംഗ്ഷനിൽ വെച്ചായിരുന്നു തർക്കം നടക്കുന്നത്. ഇരുമ്പ് വടികൾ ഉപയോഗിച്ച് മൻസൂറിന്റെ തലയിലടക്കം മാരകമായി പരിക്കേൽപ്പിച്ചു. കേസ് കൊടുത്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി പറയുന്നുണ്ട്. പ്രതികളുടെ വിവരങ്ങളും സിസി ടിവി ദൃശ്യങ്ങളടക്കമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷണം, നമ്പർ മാറ്റി ഒളിപ്പിച്ചു; പ്രതികൾ പിടിയിൽ
ഇതിന് മുമ്പും തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരമായിരുന്നില്ല എന്നാണ് പരാതിക്കാരനായ മൻസൂർ പറയുന്നത്. ആൻസായ് ബസിലെ ജീവനക്കാർ മറ്റുളളവരോടും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും മൻസൂർ പറഞ്ഞു. പ്രതികളുടെ വീടുകളിൽ അടക്കം റെയിഡ് നടത്തിയെന്നും മുഴുവൻ പേരും ഒളിവിൽ ആണെന്നുമാണ് എടത്തല പൊലീസിന്റെ പ്രതികരണം. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള ജീവനക്കാരുടെ തർക്കങ്ങളും സംഘർഷങ്ങളും കൊച്ചിയിൽ നിത്യ സംഭവമാവുകയാണ്.